ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ഇനിയും ഒപ്പുവച്ചിട്ടില്ലെന്നും അന്തിമ ഘട്ടത്തിലാണെന്നും വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. കൃഷി, ക്ഷീര മേഖലകൾ അടക്കമുള്ള അതീവ സംവേദനക്ഷമമായ (സെൻസിറ്റീവ്) മേഖലകളുടെ താത്പര്യം കരാറിൽ സംരക്ഷിച്ചുവെന്നും പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
►► കടലാസ് ജോലികൾ ബാക്കി
കരാറുമായി ബന്ധപ്പെട്ട പ്രധാന പ്രക്രിയകൾ നിറവേറ്റുന്നതിനുള്ള കടലാസുജോലികൾ അന്തിമമാക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കുകയാണ്. ഈ പ്രക്രിയകൾ പൂർത്തിയാക്കിയശേഷം സംയുക്ത പ്രസ്താവന ഉടൻ പുറത്തിറക്കും. കരാർ ഒപ്പുവച്ചശേഷം വിശദാംശങ്ങൾ പാർലമെന്റിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ചെറുകിട, ഇടത്തരം ബിസിനസുകാർ, എംഎസ്എംഇകൾ, വ്യവസായങ്ങൾ എന്നിവയ്ക്കും വിദഗ്ധ തൊഴിലാളികൾക്കും ഇന്ത്യ- അമേരിക്ക വ്യാപാര കരാർ പുതിയ അവസരങ്ങൾ നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണു കരാറെന്നും ഗോയൽ പറഞ്ഞു.
ഇതേസമയം, ഏതൊക്കെ കാർഷിക ഇനങ്ങളെ ഏതു തരത്തിലാണ് അമേരിക്കയിൽനിന്നുള്ള ഇറക്കുമതിയിൽനിന്ന് ഒഴിവാക്കിയതെന്നു മന്ത്രി പാർലമെന്റിൽ വിശദീകരിച്ചില്ല. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ വിശദാംശങ്ങളും പ്രസ്താവനയിൽ ഉണ്ടായില്ല. പ്രധാനമന്ത്രി മോദിയെ പുകഴ്ത്താനും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ വിമർശിക്കാനും ഗോയൽ ശ്രദ്ധിച്ചു. പ്രതിപക്ഷ ബഹളം മൂലമാണ് ചൊവ്വാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്താതിരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയ്ക്കു കേന്ദ്രസർക്കാർ കീഴടങ്ങിയെന്നും കർഷകരുടെ നട്ടൊല്ലൊടിക്കുന്നതാണു കരാറെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് ലോക്സഭയിൽ പിയൂഷ് ഗോയൽ പ്രസ്താവന വായിച്ചത്. കടലാസ് കീറിയെറിയുകയും സ്പീക്കറുടെ മൈക്കിൽ തട്ടുകയും ചെയ്തതിന് ഹൈബി ഈഡൻ, ഡീൻ കുര്യക്കോസ് എന്നിവരടക്കം ചൊവ്വാഴ്ച സസ്പെൻഡ് ചെയ്ത എട്ട് എംപിമാർ പാർലമെന്റിനു പുറത്തു ധർണ നടത്തി. രാഹുലും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കൾ ഇവരുടെ അടുത്തെത്തി പിന്തുണ പ്രഖ്യാപിച്ച ശേഷമാണു സഭയിലെത്തിയത്.
►► അമേരിക്ക പ്രഖ്യാപിച്ചു
രാജ്യത്തെ 140 കോടി ആളുകളുടെ ഊർജ ആവശ്യങ്ങൾ സംരക്ഷിക്കുകയാണ് മോദിസർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വാണിജ്യമന്ത്രി വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ തീരുവ 18 ശതമാനമായി കുറയ്ക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങൾക്കും അമേരിക്ക ഏർപ്പെടുത്തിയ തീരുവകളേക്കാൾ കുറവാണിത്. കരാർപ്രകാരം, ഇന്ത്യയുടെമേലുള്ള 25 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കാനും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ചുമത്തിയ 25 ശതമാനം അധിക പിഴത്തീരുവ പൂർണമായി നീക്കാനും അമേരിക്ക സമ്മതിച്ചു.
നമ്മുടെ തൊഴിൽ തീവ്ര മേഖലകൾ, കയറ്റുമതി മേഖലകൾ, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്കുകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, തുകൽ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, ജൈവ രാസവസ്തുക്കൾ, റബർ ഉത്പന്നങ്ങൾ, യന്ത്രസാമഗ്രികൾ, വിമാന ഘടകങ്ങൾ തുടങ്ങിവയ്ക്ക് വലിയ അവസരങ്ങൾ ലഭിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന കരാറാണിതെന്ന് ഗോയൽ പറഞ്ഞു.
►► ഇന്ത്യയുടെ കയറ്റുമതി മത്സരശേഷി വർധിക്കും
ഉത്പാദനം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ വികസിപ്പിക്കാനും സാന്പത്തികവളർച്ച ത്വരിതപ്പെടുത്താനും കരാർ സഹായിക്കും. ഇരുരാജ്യങ്ങൾക്കും പുതിയ ബിസിനസ് വഴികൾ തുറക്കുന്നതിനും വഴിയൊരുക്കും. അമേരിക്കൻ വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി മത്സരശേഷി വർധിപ്പിക്കും.
ഇന്ത്യയിലെ എല്ലാ തൊഴിൽ, കയറ്റുമതി മേഖലകൾക്കും കരാർ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കരാറിന്റെ അന്തിമ ധാരണ ഒപ്പുവയ്ക്കുകയും സംയുക്ത പ്രസ്താവന അന്തിമമാക്കുകയും ചെയ്യുന്നതടക്കമുള്ള സാങ്കേതിക പ്രക്രിയകൾ പൂർത്തിയാകുന്പോൾ, പൂർണവിവരങ്ങൾ പങ്കിടുമെന്ന് പാർലമെന്റിനുപുറത്ത് മാധ്യമങ്ങളോടു സംസാരിക്കവേ മന്ത്രി പറഞ്ഞു. എന്നാൽ കൃത്യമായ സമയക്രമം പങ്കുവച്ചില്ല. ഒരാഴ്ചയ്ക്കകം സംയുക്ത പ്രസ്താവന പ്രതീക്ഷിക്കുന്നതായി ഉന്നതർ സൂചന നൽകി.